ട്രാഫിക്ക് - Unblocked




പരീക്ഷണാടിസ്ഥാനത്തിൽ സിനിമ എടുക്കാൻ മലയാള സിനിമയിലെ സംവിധായകർക്ക് ഭയമാണു. കാരണം എത്ര വലിയ സംവിധായകൻ ആയാലും എത്ര വലിയ നടൻ ആയാലും സീരിയസ് പ്രമേയങ്ങൾക്കു നേരെ പ്രേക്ഷകർ ആദ്യ ദിവസങ്ങളിൽ വലിയ താല്പര്യം കാണിക്കാറില്ല. എന്നാൽ കോമഡിയുമായിട്ടാണു വരവെങ്കിലോ അത് എന്തു മാത്രം തരം താണതാണെങ്കിലും ആയിരം വട്ടം കണ്ടു മടുത്തതാണെങ്കിലും തിയറ്ററിലേക്ക് ഇടിച്ചു കയറാനും പടം സൂപ്പർ ഹിറ്റാക്കാനും ജനം തയ്യാറാണു. മലയാള സിനിമയുടെ ഗതികേട് എന്നല്ലാതെ എന്തു പറയാൻ.

എന്നിരുന്നാലും വെല്ലു വിളികൾ ഏറ്റെടുക്കാൻ ചിലർ തയ്യാറാവാറുണ്ട്. Different ആയ Attempt ആണു എന്ന അവകാശ വാദവുമായി വരുന്നതിൽ ഭൂരിപക്ഷവും പഴയ വീഞ്ഞു തന്നെയാണെങ്കിലും പ്രാഞ്ചിയേട്ടനും,പാസഞ്ചറുമൊക്കെ പോലെ ചിലതെങ്കിലും വർഷത്തിൽ ഒരിക്കൽ ഉണ്ടാകാറുണ്ട്. രഞ്ജിത്തും മെഗാസ്റ്റാർ മമ്മൂട്ടിയും ഒരുമിക്കുന്ന സിനിമ പോലും ക്ലിക്ക് ആയി മാറാൻ 25 ദിവസങ്ങൾ വേണ്ടി വന്നു എന്നിരിക്കെ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ. അവിടെയാണു ട്രാഫിക്ക് എന്ന സിനിമയുടെ അണിയറ പ്രവർത്തകർ അഭിനന്ദനം അർഹിക്കുന്നത്. മലയാള സിനിമയിൽ ഒരു ധീരമായ പരീക്ഷണം തന്നെയാണു ഇവർ നടത്തിയിരിക്കുന്നത് എന്നു മാത്രമല്ല ഒരു വലിയ പരിധി വരെ അതിൽ വിജയിക്കുകയും ചെയ്തിരിക്കുന്നു.

ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, അനൂപ് മേനോൻ, റഹ്മാൻ,സായ്കുമാർ തുടങ്ങിയ നടന്മാരുടെ നിരയും, റോമ, രമ്യ, കാതൽ സന്ധ്യ എന്നിവരടങ്ങുന്ന നടിന്മാരും ചേർന്നു ഒരു വലിയ നിര ഈ സിനിമയിലുണ്ട്. താരപരിവേഷമില്ലാത്ത നടന്മാർ അഭിനയിക്കുന്ന സിനിമയായതു കൊണ്ട് തന്നെ ഒരോ കഥാപാത്രത്തിനും ആവശ്യത്തിനു വേണ്ട പ്രാധാന്യം നല്കാൻ കഴിഞ്ഞിട്ടുണ്ട് എന്നു മാത്രമല്ല. തങ്ങൾക്ക് കിട്ടിയ വേഷങ്ങൾ ചെറുതോ വലുതോ എന്ന വ്യത്യാസമില്ലാതെ എല്ലാവരും മികച്ചതാക്കുകയും ചെയ്തു.

ഒരു റോഡ് മൂവി ശൈലിയിൽ പ്രേക്ഷകരെ ആകാംക്ഷഭരിതരാക്കുന്ന തരത്തിലുള്ളതാണു ട്രാഫിക്കിന്റെ കഥാതന്തു. അതു കൊണ്ട് തന്നെ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ രസചരടു പൊട്ടാതെ പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിയുന്ന തരത്തിൽ സിനിമ ഒരുക്കിയിടത്താണു സംവിധായകന്റെ വിജയം. ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന സിനിമയുടെ പരാജയത്തിനു ശേഷം തന്റെ പിഴവുകൾ തിരുത്തിയ ഒരു പരിചയ സമ്പന്നനായ സംവിധായകന്റെ മികവ് ഈ ചിത്രത്തിൽ കാണാം.

ചിത്രത്തിന്റെ കഥാഗതിക്ക് ഒട്ടും കോട്ടം വരാത്ത രീതിയിൽ ഛായാഗ്രഹണം നിർവ്വഹിച്ച ക്യാമറാമാനും ട്രാഫിക്ക് ഒരു നല്ല അനുഭവം ആക്കുന്നതിൽ പങ്കു വഹിക്കുന്നു.മെജോ ജോസഫ് എന്ന യുവ സംഗീത സംവിധായകന്റെ മികച്ച വർക്ക് ഈ സിനിമയുടെ മറ്റൊരു മേന്മയാണു. ഇന്നത്തെ മലയാള സിനിമകളിൽ ട്വിസ്റ്റ് ഒരു അനിവാര്യ ഘടകമായതു കൊണ്ടാവം ഈ സിനിമയിലും ഒരു ട്വിസ്റ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. ട്വിസ്റ്റുകൾ ഇല്ലാതെ എങ്ങനെ കഥ പറയാം എന്നതിനെ പറ്റി തിരകഥാകൃത്തുക്കൾ ഗൗരവമായി ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.

നല്ല സിനിമകൾക്ക് തിരകഥ ഒരുക്കിയിട്ടുണ്ടെങ്കിലും മലയാള സിനിമ പ്രേക്ഷകർക്ക് ഇന്നും അത്ര മമത ഇല്ലാത്ത തിരകഥാകൃത്തുക്കളാണു സഞ്ജയ് - ബോബി ടീം. ആരാധകരെ ആവേശം കൊള്ളിക്കുന്ന തരത്തിലുള്ള മസാല സിനിമകൾ എഴുതാത്തതാവാം ഒരു പക്ഷെ പ്രേക്ഷകർക്ക് ഇവരോടുള്ള താല്പര്യ കുറവ്. ട്രാഫിക്കിനു മുൻപ് ഇവർ എഴുതിയ സിനിമകളെല്ലാം തന്നെ നല്ല അഭിപ്രായം നേടിയവയായിരുന്നു. ട്രാഫിക്കിന്റെ രചനയും വിഭിന്നമല്ല.

നല്ലൊരു പ്രമേയം കൊമേഴ്സ്യൽ ചേരുവകൾക്കു മുന്നിൽ വിട്ടു വീഴ്ച്ചകൾ ചെയ്യാതെ എഴുതാൻ തയ്യാറായത് പ്രശംസനീയം തന്നെ. ആരാധകരുടെ സ്വീകര്യത നേടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടോ എന്തോ കാസിനോവ, മുംബൈ പോലീസ് തുടങ്ങിയ സിനിമകളുടെ തിരകഥകൾ തയ്യാറാക്കുന്ന വഴി മറ്റൊരു ഉദയ് കൃഷ്ണ സിബി കെ തോമസ് ആയി ഇവർ മാറിയാൽ ആത്യന്തികമായി നഷ്ടം മലയാള സിനിമക്ക് തന്നെയാണു.

സൂപ്പർ ഹിറ്റ്, മെഗാഹിറ്റ് ബ്ലോക്ക് ബസ്റ്റർ എന്നിങ്ങനെ ഈയിടെ വിശേഷിപ്പിക്കപ്പെട്ട സിനിമകളിൽ നിന്നും ട്രാഫിക്ക് വേറിട്ട് നില്ക്കുന്നത് ഈ സിനിമകൾ അടിപൊളി, നല്ലത് എന്നു പറയുന്നത് അതിൽ നായകനായി അഭിനയിച്ച താരങ്ങളുടെ ഫാൻസുകാർ മാത്രമാണു എന്നത് കൊണ്ടാണു. ഇത്തരത്തിൽ ആരാധകർ എന്ന ആൾക്കൂട്ടം പിന്നിലില്ലാത്ത ഒരു പറ്റം നടന്മാരാണു ഈ സിനിമയിലെ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. അതു കൊണ്ട് തന്നെ സിനിമ കഴിഞ്ഞ് കൈയ്യടിച്ച് കൊണ്ട് സംതൃപ്തരായി പുറത്തേക്ക് വരുന്നവർ ഈ സിനിമ കൊള്ളം എന്ന് പറയുന്നെങ്കിൽ അത് ആത്മാർഥമായി തന്നെയാണു.

ഇന്ന് മലയാള സിനിമയെ അക്ഷരാർത്ഥത്തിൽ താങ്ങി നിർത്തുന്നത് കോമഡി സിനിമകളും അത് നിർമ്മിക്കുന്നവരും അതിൽ അഭിനയിക്കുന്നവരുമാണു. നഷ്ടത്തിൽ ഓടി കൊണ്ടിരിക്കുന്ന മലയാള സിനിമക്ക് മെഗാ വിജയങ്ങളിലൂടെ ആശ്വാസം നല്ക്കുന്ന ഈ വിഭാഗത്തിനോട് സിനിമ ലോകം എന്നും കടപ്പെട്ടിരിക്കും.

പക്ഷെ കോമഡി എന്ന പേരിൽ അഴകി ദ്രവിച്ച് ചീഞ്ഞു നാറിയ വിഭവം വീണ്ടും വീണ്ടും നിർബന്ധിച്ച് പ്രേക്ഷകരെ തീറ്റിപ്പിക്കുന്നതിൽ നിന്നും സാവധാനമെങ്കിലും പിന്മാറാൻ ഇത്തരം സിനിമകൾ ഒരുക്കുന്നവർ തയ്യാറായില്ലെങ്കിൽ നല്ല സിനിമകളും മികച്ച സിനിമകളും എന്നന്നേക്കുമായി മലയാള സിനിമയിൽ നിന്ന് അപ്രത്യക്ഷമാകും.ഹാ കിടിലൻ അതി ഗംഭീരം എന്ന് പറഞ്ഞ് കയ്യടിക്കാൻ തമിഴന്റെ സിനിമ മാത്രം കാണേണ്ടി വരുന്ന അവസ്ഥ അങ്ങിനെയെങ്കിൽ അതി വിദൂരമാവില്ല...!

*കോമഡിയെ അങ്ങനെ കൊച്ചാക്കുകയൊന്നും വേണ്ട കഴിഞ്ഞ വർഷത്തെ ആദ്യത്തെ സോളോ മെഗാഹിറ്റ് ഒരു കോമഡി സിനിമയാണു അതു ആരും മറക്കണ്ട...!! 

*അത് ശരിയാണല്ലോ. സുരാജിന്റെ ടൈം നല്ല ബെസ്റ്റ് ടൈം..!!!

ദുരന്തങ്ങൾ നമ്മെ പഠിപ്പിക്കുന്നതെന്ത്?

ഇ.എ.സജിം തട്ടത്തുമല


നൂറ്റി രണ്ടില്പരം പേരുടെ ജീവൻ നഷ്ടപ്പെട്ട ഒരു വൻ ദുരന്തത്തിന്റെ നടുക്കത്തിൽ നിന്ന് നാം ഇനിയും മോചിതരായിട്ടുണ്ടാകില്ല. അവിടെ വണ്ടിപ്പെരിയാറിനടുത്ത് പുല്ലുമേട്ടിൽ മരണപ്പെട്ടവർ ഒക്കെ നമ്മെ പോലെ ചോരയും നീരുമുള്ള മനുഷ്യർ തന്നെയായിരുന്നു. ഓരോരോ കുടുംബങ്ങളിൽ ജനിച്ച് ജീവിച്ചുപോന്നവർ. കൊച്ചു കൊച്ചുകൊച്ചു സ്വപ്നങ്ങളുടെയും  പ്രതീക്ഷകളുടെയും പ്രചോദനത്താൽ ജീവിച്ചുകൊണ്ടിരുന്നവർ. അവരുടെ കൊച്ചു കൊച്ച് ആഗ്രഹങ്ങൾ സധിച്ചുകിട്ടുന്നതിനും തെറ്റുകൾ എന്തെങ്കിലും ചെയ്തുപോയിട്ടുണ്ടെങ്കിൽ അതൊക്കെ പൊറുത്ത് മപ്പാക്കിക്കിട്ടുന്നതിനും വിളിച്ചപേക്ഷകളുമായി  ദൈവങ്ങളെ തേടിയിറങ്ങിയ നിഷ്കളങ്കരായ തീർത്ഥാടകർ.  അവർക്കിടയിൽ അറിഞ്ഞും അറിയാതെയും ഇടകലർന്നുപോയ തദ്ദേശീയരും വഴിപോക്കരും ഒക്കെ ഉൾപ്പെടും മരിച്ചവരിൽ. അവരുടെ ജീവിത സ്വപ്നങ്ങളെയും  പ്രതീക്ഷകളെയും  ഒക്കെ   മരണം അവരോടുകൂടിത്തന്നെ കവർന്നുകൊണ്ടുപോയി. എത്രപേർ മരിച്ചുവോ അത്രയും എണ്ണം കുടുംബങ്ങളിൽനിന്നും ഇപ്പോൾ നിലവിളികൾ ഉയരുന്നുണ്ടാകും.  നമുക്ക് ദു:ഖം പ്രകടിപ്പിക്കുവാനും അവരുടെ ബന്ധുക്കളെ സമാശ്വസിപ്പിക്കുവാനല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല.
ദുരന്തങ്ങൾ നമുക്ക് പുതിയതല്ല. ഓരോ ദുരന്തങ്ങളും ഓരോ അനുഭവപാഠങ്ങളാണ്. പക്ഷെ ആ അനുഭവ പാഠങ്ങളിൽ നിന്നും നാം എന്തു പഠിച്ചു? പാഠം പത്തിച്ചാലും അപകടങ്ങളുടെ പുതിയ പാഠഭേദങ്ങൾ വീണ്ടും ഉണ്ടായേക്കാം. പക്ഷെ സമാനതകളുള്ള അപകടങ്ങൾ സമാനമായ സാഹചര്യങ്ങളിൽ സംഭവിക്കുമ്പോഴാണ് നമ്മുടെ ജാഗ്രതക്കുറവുകൾ വലിയ കുറ്റങ്ങളായി വരുന്നത്. ഇവിടെ സംഭവിച്ചിരിക്കുന്നത് ഇതിനു മുൻപ് പല അപകടങ്ങളോടും സമാനതകളുള്ളതും സമാനമായ സാഹചര്യത്തിൽ ഉള്ളതുമാണ്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഇതിനു മുമ്പും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനേക്കാളൊക്കെ  വലിയൊരു അപകടം ഇപ്പോൾ ഊണ്ടായത് ഒഴിവാക്കാനാവശ്യമായ പാ‍ഠങ്ങളൊന്നും നമ്മൾ മുൻ ദുരന്തങ്ങളിൽ നിന്നും പഠിച്ചിട്ടില്ല. അഥവാ പഠിച്ചെങ്കിലും അവ ഗൌരവത്തിൽ എടുത്തില്ല എന്നു വേണം കരുതാൻ. ഇപ്പോൾ അപകടം നടന്ന സ്ഥലം സർക്കാർ സംവിധാനങ്ങൾക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്ന സ്ഥലമല്ലെന്നൊരു വാദഗതിയുണ്ട്. അത് അംഗീകരിച്ചാൽ അവിടേയ്ക്ക് ആളുകളെ കടത്തിവിട്ടതിന്റെ സമാധാനം പറയേണ്ടിവരും. ഈ സ്ഥലത്ത്   ഇതിനുമുമ്പ്  ഇതുപോലെ തീർത്ഥാടകപ്രവാഹം ഉണ്ടായിട്ടില്ലെന്നും അതുകൊണ്ട് മുൻ അനുഭവം ഇല്ലെന്നുമാണ്  വാദമെങ്കിൽ രാവിലെ മുതൽ ഈ പതയിലൂടെ ആളുകളുടെ തിരക്കുണ്ടാകുന്നത് യഥാസമയം ആരും അറിയാതെ പോയതിന്റെ കാരണം എന്തെന്ന് വിശദീകരിക്കേണ്ടിവരും. എങ്ങനെ നോക്കിയാലും നമ്മുടെ സർക്കാർ സംവിധാനങ്ങൾക്ക് അല്പം നോട്ടക്കുറവുണ്ടായി എന്ന് സമ്മതിയ്ക്കേണ്ടിവരും.
ശബരിമല തീർത്ഥാടനകാലത്ത് അഭൂത പൂർവ്വമായ തിക്കും തിരക്കും ഉണ്ടാകുന്നത് ശബരിമലയിലും പരിസരത്തും മാത്രമല്ല. കേരളത്തിലങ്ങോളമിങ്ങോളമാണ്. പക്ഷെ അത് അത്രകണ്ട് ഗൌരവത്തിൽ നമ്മൾ എടുക്കറുണ്ടോ? മണ്ഠല കാലത്ത് ശബരിമലയിലെത്തുകയും മടങ്ങുകയും ചെയ്യുന്ന തീർത്ഥാടകർക്ക് എവിടെ വച്ച് എന്ത് അപകടം സംഭവിച്ചാലും അത് ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായുള്ള അപകടമായി പരിഗണിക്കപ്പെടും. അവിടെ  വണ്ടി പെരിയാറിനടുത്ത് ഈ പറഞ്ഞ സ്ഥലത്ത് നിന്നാൽ മകരവിളക്കു കാണാൻ സാധിക്കും എന്നതാണ്  അവിടെ തീർത്ഥാടകർ തിക്കിത്തിരക്കാൻ കാരണമത്രേ! ശബരിമലയിൽ മകര ജ്യോതി തെളിയുന്നത് ഇടുക്കി-പത്തനംതിട്ട ജില്ലകളിൽ പല ഭാഗത്തു നിന്നും ദർശിക്കാനാകുമെന്നാണ് നമ്മൾ അറിയുന്നത്. അങ്ങനെയെങ്കിൽ അവിടെയൊക്കെ ഇത് ദർശിക്കുവാൻ ആളുകൾ വന്നുകൂടുമെന്നത് സർക്കാർ സംവിധാനങ്ങൾ  മുൻ കൂട്ടി കാണേണ്ടതു തന്നെയാണ്. ഏതെങ്കിലും മലയുടെ മുകളിൽ ഒരു കമ്പക്കെട്ട് നടക്കുമ്പോൾ അത് വിദൂരതലിയിലിരുന്നു പോലും ആളുകൾ ആസ്വദിക്കുന്നത് കുന്നുകളും  മലകളും  ഇടകലർന്ന ഭൂപ്രകൃതിയുള്ള നമുക്ക് അപരിചിതമല്ല. അപ്പോൾ മകര ജ്യോതി പോലെ ഒരു വലിയ സംഭവം നടക്കുമ്പോൾ കുറച്ച് അഡ്വാൻസ്ഡ് ആകുവാൻ നമുക്ക് കഴിയാതെ പോകുന്നത് ദൌർബല്യം തന്നെയാണ്. ഇവിടെ ഈ നമുക്ക് നമുക്ക് എന്ന് പറയുമ്പോൾ ഭരണകൂട സംവിധാനങ്ങളെ തന്നെയാണ് മുഖ്യമായും ഉദ്ദേശിക്കുന്നത്.
മകരജോതി കത്തുന്നതോ കത്തിക്കുന്നതോ എന്ന തർക്കം അവിടെ നിൽക്കട്ടെ. അത് താനേ കത്തുന്നതാണ് എന്ന് വിശ്വസിക്കുവാനാണ് ഭക്തജനങ്ങൾക്കിഷ്ടം. നിർദോഷമായി ആളുകൾ  അങ്ങനെ വിശ്വസിക്കുന്നതുകൊണ്ട് സമൂഹത്തിനോ സർക്കാറിനോ  ബുദ്ധിമുട്ടൊന്നുമില്ല. അഥവാ ഉണ്ടെങ്കിൽതന്നെ അതിനെക്കാൾ ഏറെ ചില ഗുണങ്ങൾ  ഉണ്ടു താനും! വിശ്വാസികളുടെ ഭാഗത്തുനിന്നും എഴുതുന്ന കുറിപ്പാണിത്. അതുകൊണ്ട് ഇങ്ങനെ പറയുകയേ  നിവൃത്തിയുള്ളൂ.  അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ മകരജ്യോതി ഒരു അദ്ഭുതമായി തന്നെയാണ് കരുതുന്നത്. ശബരിമലയിൽ വർഷം പ്രതി തീർത്ഥാടകരുടെ എണ്ണം പെരുകുന്നതിൽ ഈ ദിവ്യജ്യോതിയ്ക്കും പ്രധാന പങ്കാണുള്ളത്. നമ്മുടെ ദേവസ്വം ഖജാനയിലേയ്ക്ക് വിശ്വാസത്തിന്റെ വഴിയിൽ നല്ലൊരു തുക വർഷം പ്രതി ലഭിച്ചു പോരുന്നുണ്ട്. ആ നിലയ്ക്ക് അവരുടെ സുരക്ഷ ഭരണകൂട ബാദ്ധ്യതതന്നെയാണ്. വ്യക്തികളുടെ ഒരു സ്വകാര്യ ആവശ്യത്തിന് വന്നുപോകുന്നു എന്ന അർത്ഥത്തിൽ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുവാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയില്ല.
ഇതുപോലെ വലിയ വലിയ തീർത്ഥാടനങ്ങൾ സർക്കാർ ഖാജാനയ്ക്ക് മാത്രമല്ല മുതൽക്കൂട്ടുന്നത്. ജനങ്ങളിലും നല്ലൊരു പങ്കിന് അതിന്റെ സാമ്പത്തിക ഗുണങ്ങൾ ലഭിക്കുന്നുണ്ട്. ഉദാഹരണത്തിന് മണ്ഠലകാലത്ത് നമ്മുടെ കടകമ്പോളങ്ങൾ പതിവിൽകവിഞ്ഞ് സജീവമാകുന്നുണ്ട്. പലർക്കും മണ്ഠലകാലം കൊയ്ത്തുകലമാണ്. വഴിയോരങ്ങളിലെ കടകളിലെല്ലാം നല്ല കച്ചവടം നടക്കും. എന്തിന് ശബരിമല തീർത്ഥാടനകാലത്ത് മാത്രം എത്രയോ തട്ടുകടകൾ തന്നെ തുറക്കപ്പെടുന്നു! നമ്മുടെ നാട്ടിലെ ജനങ്ങൾക്ക്  ഒരു ചെറിയ കാലത്തേയ്ക്കാണെങ്കിലും വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നുണ്ട് തീർത്ഥാടനകാലം. അപ്പോൾ തീർത്ഥാടകരുടെ സുരക്ഷിതത്വവും അവരുടെ സന്തോഷവും സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല.  സമൂഹത്തിന് മൊത്തമായും അവരോട് ചില ബാദ്ധ്യതകൾ ഉണ്ട്. വിദേശ സഞ്ചാരികൾ വരുമ്പോൾ നാം അവരോട് നല്ല ആദരവും മര്യദയും പുലർത്തണമെന്ന് നമുക്കറിയാം. എങ്കിലേ നമ്മുടെ ട്യൂറിസം വളരുകയും  അതുമായി ബന്ധപ്പെട്ട് പല ഗുണങ്ങളും നമുക്ക് ലഭിക്കുകയും ചെയ്യുകയുള്ളൂ. അതുപോലെ  ഏതു മതവുമായി ബന്ധപ്പെട്ടായാലും ഇതുപോലെ ആളുകൾ നമ്മുടെ നാട്ടിലേയ്ക്ക് വൻ തോതിൽ എത്തിച്ചേരുമ്പോൾ അവർക്ക്  സൌകര്യങ്ങളും സംരക്ഷണവും  ഒരുക്കാൻ സമൂഹവും  സർക്കാരും ഒരുപോലെ  ബാദ്ധ്യസ്ഥമാണ്.
തീർത്ഥാടനവും ആഘോഷങ്ങളും നമുക്ക് ഒഴിവാക്കാൻ ആകാത്തതാണ്. അവ നമ്മുടെ വിശ്വാസങ്ങളുടെയും പാരമ്പര്യത്തിന്റെയും ഒക്കെ ഒരു തുടർച്ചയാണ്. ഇന്ന് അഘോഷിക്കുവാൻ വേണ്ടി ആഘോഷിക്കുന്ന പ്രവണതയും ഇവിടെ വർദ്ധിച്ചു വരുന്നുണ്ട്.   നമ്മുടെ മിക്ക ആഘോഷങ്ങളും ഏതെങ്കിലും മതവിശ്വാസത്തോടു ബന്ധപ്പെട്ടതാണ്. പല ആഘോഷ വേളകളിലും അഭൂത പൂർവ്വമായ ജനത്തിരക്ക് ഉണ്ടാകുന്നുണ്ട്. ജങ്ങൾക്ക് അത് പല അസൌകര്യങ്ങളും പലപ്പോഴും ഉണ്ടാക്കുന്നുമുണ്ട്; ഗതാഗത തടസം ഉൾപ്പെടെ. എന്നാം നമ്മുടെ ആളുകൾ വിശ്വാസത്തിന്റെ ഭാഗമായി നടത്തുന്ന ഈ ഉത്സവാഘോഷങ്ങൾ ഒന്നും വേണ്ടെന്നുവയ്ക്കാനുമാകില്ല. ഇവിടെ ചില നിയന്ത്രണങ്ങളാണ് വേണ്ടത്. എന്നാൽ മതവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു കാര്യത്തിൽ ഒരു സർക്കാരും തൊട്ടു കളിക്കില്ല. അഥവാ അതിന് ധൈര്യമില്ല. അതുകൊണ്ട് മതപരമായ ഉത്സവാഘോഷങ്ങളുടെകാര്യത്തിൽ   അതിൽ പങ്കെടുക്കുന്ന ഭക്തജനങ്ങൾക്കോ അതിൽ ഉൾപ്പെടാത്ത മറ്റ് ജനവിഭാഗങ്ങങ്ങൾക്കോ  അപകടങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടാകാതിരിക്കാൻ എന്തെങ്കിലും ക്രമീകരണങ്ങളോ നിയന്ത്രണങ്ങളോ എടുക്കുന്നതിന് സർക്കാരുകൾക്ക് പല പരിമിതികളും ഉണ്ട്. ഏറെ ആളിക്കത്താൻ സാദ്ധ്യതയുള്ള വികാരമാണ് മത വികാരം. അതിൽ തൊട്ടാൽ പൊള്ളും. അതുകൊണ്ട് സർക്കാരിനെ അധികം കുറ്റം പറയുന്നതിൽ അർത്ഥമില്ല. പക്ഷെ കോടതികളോ?
കോടതികൾക്ക് ഇക്കാര്യത്തിൽ ഭരണകൂടങ്ങളുടെ പരിമിതികൾ മനസിലാക്കി ഇടപെടാവുന്നതാണ്. എന്നാൽ കോടതികൾക്കും ഇക്കാര്യത്തിൽ ഭയമാണ് എന്ന് കരുതേണ്ടിവന്നിരിക്കുന്നു. സർക്കാർ പരാജയപ്പെടുന്നിടത്ത് നീതിപീഠത്തിനു ഇടപെടാൻ കഴിയും.അഥവാ കഴിയണം.  എന്നാൽ നിർഭാഗ്യവശാൽ അടുത്തകാലത്തായി രാഷ്ട്രീയ എക്സിക്യൂട്ടീവുകളെ  അലോസരപ്പെടുത്തുന്ന വിധികളിലൂടെ വിവാദം ഉണ്ടാക്കുവാനാണ്  നമ്മുടെ ജുഡീഷ്യറിക്ക്  പലപ്പോഴും തല്പര്യം  എന്നൊരു തോന്നൽ ഉണ്ടാകുകയാണ്. അല്ലെങ്കിൽ ഒരു മതാഘോഷത്തോളം ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാത്ത  വഴിയോര പൊതുയോഗങ്ങളെപോലും നിരോധിക്കുന്ന വിധി പറഞ്ഞ് ജനാധിപത്യ ധ്വംസനം നടത്തുന്ന നീതി പീഠങ്ങൾ എന്തേ ചിലതരം ആശാസ്യമല്ലാത്ത മതപ്രവർത്തനങ്ങളും  മതാഘോഷങ്ങളും ഉയർത്തുന്ന മാനുഷിക  പ്രശ്നങ്ങൾ പരിഹരിക്കാൻ ഉതകുന്ന ഇടപെടലുകൾ നടത്താത്തത്. വിധികൾ പറയാത്തത്?
മനുഷ്യനിൽ ആത്മ വിശ്വാസം നഷ്ടപ്പെടുകയും അവൻ അരക്ഷിതരാണെന്ന വിചാരം കൂടി വരികയും ചെയ്യുന്നിടത്ത്  വിശ്വാസത്തിന്റെ ശക്തിയും കൂടിവരും. ഇതിനനുസരിച്ച് തീർത്ഥാടനങ്ങൾക്കും ആഘോഷങ്ങൾക്കും കൊഴുപ്പുകൂടും. ആൾത്തിരക്കുണ്ടാകും. ഓരോ ആൾത്തിരക്കുകളും വലിയ അപകടങ്ങളുടെ സാദ്ധ്യതനൽകുന്നതാണ്. അവയിൽ  അവരവരുടെ വിശ്വാസങ്ങൾക്ക് കോട്ടം തട്ടാത്തവിധം നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്താൻ ഇനിയും നാം ശ്രമിക്കുന്നില്ലെങ്കിൽ വൻ ദുരന്തങ്ങൾ ഇനിയും  നമ്മെ തേടിയെത്തിക്കൂടെന്നില്ല. മതത്തിന്റെ പേരിൽ ഉള്ളതായാലും മറ്റേതെങ്കിലും വിശ്വാസത്തിന്റെ പേരിലുള്ളതായാലും നാലാൾ കൂടുന്നിടത്തൊക്കെ ഭരണസംവിധാനങ്ങൾക്കും ജനങ്ങൾക്കും നല്ല മുൻ കരുതലുകളും ജാഗ്രതയും വേണം.

ഞാന്‍ കണ്ട ചന്ദ്രകുമാര്‍ എന്‍.പി

 keralafarmer


ശ്രീ ചന്ദ്രകുമാറിനെ ഞാന്‍ പരിചയപ്പെടുന്നത് സ്കൈപ്പ് ചാറ്റിലൂടെയാണ്. സ്കൈപ്പിലെ ലാന്‍ഡ് ലൈന്‍ നമ്പറാണ് അദ്ദേത്തെ ബന്ധപ്പെടുവാന്‍ എന്നെ സഹായിച്ചത്. അതിന് ശേഷമാണ് അദ്ദേഹം ബ്ലോഗ് തുടങ്ങുന്നത്. ബ്ലോഗറില്‍ അദ്ദേഹം വരുന്ന സമയത്ത് 99% ബ്ലോഗെഴുത്തുകാരും യുവാക്കളായിരുന്നു. അതിനാലാണ് അങ്കിള്‍ എന്ന് സ്വയം അദ്ദേഹത്തെ ബൂലോഗത്തിന് പരിചയപ്പെടുത്തിയത്. ഞാനുമായി പരിചയപ്പെട്ടശേഷം ബ്ലോഗുകളെപ്പറ്റിയുള്ള സംശയങ്ങള്‍ ജീമെയില്‍ ചാറ്റിലൂടെ ആവര്‍ത്തിക്കുകയും ഞാനൊരു ഐ.ടി പ്രൊഫഷണല്‍ അല്ല എന്ന് ബോധ്യപ്പെടുത്തുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. ആദ്യമായി നേരില്‍ കാണുന്നത് റയില്‍വ്വേസ്റ്റേഷനില്‍ വിശ്വപ്രഭയേയും കൂട്ടരേയും സ്വീകരിക്കാന്‍ എത്തിയപ്പോഴാണ്.

വിശ്വപ്രഭയുടെ ശ്രമഫലമായി അങ്കിളിന്റെ വീട്ടില്‍ എട്ട് മലയാളസ്നേഹികളിടെ (വിശ്വം, ഹുസൈന്‍, ഫാര്‍മര്‍, അങ്കിള്‍, കെവിന്‍, പ്രതീഷ്, അനിവര്‍, ആദര്‍ശ് എന്നവര്‍) ആദ്യമായി തിരുവനന്തപുരത്ത് ഒരു ഒത്തുചേരലിന് അവസരമൊരുക്കുകയും പകര്‍ത്തിയ ചിത്രങ്ങളില്‍ ആദ്യ ഏഴ് എണ്ണം അങ്കിള്‍ പിക്കാസയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ബാക്കി ചിത്രങ്ങള്‍ വി.കെ ആദര്‍ശിന് അവാര്‍ഡ് കിട്ടിയപ്പോള്‍ എടുത്തതാണ്. രാത്രി ഭക്ഷണം അങ്കിളിന്റെ ഭാര്യ ചുട്ടുതന്ന ചൂട് ദോശതിന്നുകൊണ്ടായിരുന്നു. തദവസരത്തിലാണ് അങ്കിള്‍ 1986 ല്‍ കമ്പ്യൂട്ടറില്‍ മലയാളം എത്തിച്ചതായുള്ള വാര്‍ത്ത മാതൃഭൂമിയില്‍ വന്നത് കാണിച്ചതും സ്കാന്‍ ചെയ്തയക്കുവാന്‍ എന്നെ എല്‍പ്പിച്ചതും. രചന ഫോണ്ടിന്റെ നിര്‍മ്മാതാവ് ഹുസൈന്‍ അഞ്ജലിഓള്‍ഡ്ലിപി എന്ന പ്രസിദ്ധിയാര്‍ജിച്ച ഫോണ്ട് നിര്‍മ്മാതാവ് കെവിന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അങ്കിള്‍ 1986 ലെ മാതൃഭൂമി പത്രം കാണിച്ചുതന്നത്. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിക്കിയില്‍ ചേര്‍ക്കാമെന്നിരിക്കെ ചേര്‍ത്തത് ഞാനായതുകൊണ്ട് നിഷേധിക്കപ്പെട്ടു. സ്കാന്‍ ചെയ്ത മാതൃഭൂമി വാര്‍ത്ത സിബു ജോണിയ്ക്കും അങ്കിളിനും അയച്ചത് അങ്കിളിന് കിട്ടാതെ വന്നു. അതാണ് സിബു വരമൊഴിയുടെ ചരിത്രം എന്ന ആംഗലേയപോസ്റ്റില്‍ നിന്ന് എന്റെ പോസ്റ്റിലേക്ക് പേജിന്റെ താഴെഅറ്റത്ത് [3] എന്ന നമ്പരില്‍ കൊടുത്തിരിക്കുന്നത്. വിശ്വവും, കെവിനും, അനിവറും അങ്കിളിന്റെ വീട്ടില്‍ തങ്ങിയശേഷം അടുത്തദിവസം അങ്കിളിന്റെ കാറില്‍ എന്റെ വീട്ടില്‍ അവരെയും കൂട്ടി വന്നശേഷമാണ് തിരികെ പോയത്. അന്നാണ് ഞാന്‍ അനിവറിനെ പരിചയപ്പെടുന്നതും ഗ്നു-ലിനക്സിലേയ്ക്ക് കടക്കുവാന്‍ കാരണമാകുന്നതും.

തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ തുടക്കംമുതലുള്ള സജീവ സാന്നിധ്യമായിരുന്നു അങ്കിള്‍. 2007 നവംബര്‍ പത്തിനാണ്ആദ്യമായി തിരുവനന്തപുരത്ത് മലയാളം ബ്ലോഗര്‍മാര്‍ ഒത്തുചേര്‍ന്നത്. അന്നേദിവസത്തെ ആഹാരമുള്‍പ്പെടെ ചെലവ് വഹിച്ചതും അങ്കിളിന്റെ വീട്ടില്‍ത്തന്നെ സൌകര്യമൊരുക്കിയതും എല്ലാം അങ്കിളിന്റെ മഹത്വം. ക്യാമറയുമായി വന്ന്ചിത്രങ്ങള്‍ പകര്‍ത്തിയത് സന്തോഷ് ജനാര്‍ദ്ദനനും. വാര്‍ത്തകള്‍ കേരളകൌമുദിയില്‍ പ്രസിദ്ധീകരിച്ചത് രാജേഷ് ടി.സി ആയിരുന്നു. 2007 ഡിസംബര്‍ 16 ന് Old Hands at Blogging എന്ന Times of India യില്‍ വന്ന വാര്‍ത്ത അന്നത്തെ ബ്ലോഗര്‍മാരില്‍ പ്രായം കൂടിയതായി ഞങ്ങളെ മാത്രമേ മലയാളത്തില്‍ കിട്ടിയുള്ളു എന്നതാവാം കാരണം. 2007 ഡിസംബറില്‍ ഹരീ രചിച്ച ഫോട്ടോഷോപ്പുമായി ബന്ധപ്പെട്ട പുസ്കക പ്രകാശന ചടങ്ങിലും ഞങ്ങള്‍ പങ്കെടുത്തു. എനിക്ക് മുന്നേ അങ്കിള്‍ കൂട്ടം എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ചേര്‍ന്നിരുന്നു. അദ്ദേഹത്തിലൂടെയാണ്  കൂട്ടത്തെപ്പറ്റി അറിയുന്നത്.

റബ്ബര്‍ ബോര്‍ഡില്‍നിന്നും 2006-07 വര്‍ഷത്തെ കയറ്റുമതി രേഖകള്‍ ലഭിക്കുന്നതിനുവേണ്ടി വിവരാവകാശനിയമത്തെപ്പറ്റി എന്നെ പഠിപ്പിച്ചതും സഹായിച്ചതും അങ്കിളായിരുന്നു. കേരളപഠനകോണ്‍ഗ്രസില്‍ അവതരിപ്പിക്കുവാനുള്ള പ്രസന്റേഷന്‍ തയ്യാറാക്കി അവതരിപ്പിക്കുന്നതിന് മുന്‍പ് ഗൂഗിള്‍ ഡോക്കിലൂടെ അദ്ദേഹത്തിന് പങ്കുവെച്ചിരുന്നു. മിസ്സിംഗ് എന്നാല്‍ എന്താണ് എന്ന എന്റെ ആംഗലേയം വായിക്കുന്നവര്‍ക്ക് മനസിലാകത്തക്കവിധത്തില്‍ ശരിയാക്കിത്തന്നതും അങ്കിളായിരുന്നു.

സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട് മസ്ക്കറ്റ് ഹോട്ടലില്‍ നടന്ന സെമിനാറിലും അദ്ദേഹം അവതാരകനായിരുന്നു. അതാണ് അമൃത എഞ്ചിനീയറിംഗ് കോളേജിലേയ്ക്ക് എനിക്കും അദ്ദേഹത്തിനും ക്ഷണം ലഭിക്കാന്‍ കാരണം. കാര്‍ട്ടൂണിസ്റ്റ്ടി.കെ സുജിത് , എഫ്.ഇ.സി , അമൃതയിലെ ഫോസ്റ്റര്‍ 09 (ഞാനും അങ്കിളും പങ്കെടുത്തത്) എന്നിവ അങ്കിളിന്റെ പിക്കാസയില്‍ പ്രസിദ്ധീകരിച്ചവയാണ്. എഫ്.ഇ.സി എന്ന ഗൂഗിള്‍ കൂട്ടത്തെ എനിക്ക് പരിചയപ്പെടുത്തിത്തന്നത് അങ്കിളായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത് അവിടെ നടക്കുന്ന ചര്‍ച്ചകള്‍ മുഴുവനും ആംഗലേയത്തിലാണ് അതിനാല്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവും എന്നായിരുന്നു. തിരുവനന്തപുരത്ത് വരുന്ന ബ്ലോഗര്‍മാര്‍ തങ്ങാന്‍ തെരഞ്ഞടുക്കുന്നത് അങ്കിളിന്റെ വിടായിരുന്നു. കെവിന്‍ പരീക്ഷ എഴുതുവാന്‍ വന്നാലും അപ്പുവും കുടുംബവും തിരുവനന്തപുരത്ത് വന്നാലും അങ്കിളിന്റെ വീട് അവര്‍ക്ക് സ്വന്തം വീടായിരുന്നു. അപ്പുവിന് അങ്കിളിനോടുള്ള ബഹുമാനം കൊണ്ടാവാം യയാതികൂട്ടം എന്ന ഗ്രൂപ്പിനും, യയാതിപുരം എന്ന ബ്ലോഗിനും ചാറ്റിലൂടെ പ്രേരണനല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത്. മുതിര്‍ന്നവരെ ബഹുമാനിക്കാത്ത ചുറ്റുപാട് പലപ്പോഴും ബൂലോഗത്തുണ്ടായത് അപ്പുവിനെയും വേദനിപ്പിച്ചുകാണും.

എസ്.എം.സിയുടെ ഫെബ്രുവരി 2008 ലെ മീറ്റ്, തിരുവനന്തപുരത്തുനടന്ന ബ്ലോഗ് അക്കാദമിയുടെ മേയ് 2008 ലെപത്രസമ്മേളനം , ശില്പശാലയില എന്നിവയിലെ സജീവ സാന്നിധ്യമായിരുന്നു അങ്കിള്‍. പ്രസ്തുത ശില്പശാലയില്‍വെച്ചാണ് അപ്പുവിന്റെ ആദ്യാക്ഷരി എന്ന പുതുമുഖങ്ങള്‍ക്ക് ഉപകാരപ്രദമായ ബ്ലോഗ് അങ്കിളിലൂടെ വെളിച്ചം വീശിയത്. സ്വകാര്യമായി ആരംഭിച്ച പ്രസ്തുതബ്ലോഗ് മറ്റ് ബ്ലോഗേഴ്സിനും ഉപകാരപ്രദമാകും എന്ന തോന്നലാണ് അപ്പുവിനെക്കൊണ്ട് തയ്യാറാക്കിച്ച് അങ്കിള്‍തന്നെ ഉത്ഘാടനവും നിര്‍വ്വഹിച്ചത്. ആലപ്പുഴയില്‍ കെന്നി ജേക്കബിന്റെ കൂട്ടുകാരുടെയും ശ്രമഫലമായി നടന്നബ്ലോഗ്ക്യാമ്പില്‍ അങ്കിള്‍ പങ്കെടുക്കാമെന്നേറ്റിരുന്നെങ്കിലും അത്യാവശ്യമായി ഡല്‍ഹിയില്‍ മകളുടെ അടുത്ത് പോകേണ്ടി വന്നതുകാരണം സാധിച്ചില്ല. ഡല്‍ഹിയിലിരുന്നുകൊണ്ട് മരുമകന്റെ പേരില്‍ ലോഗിന്‍ ചെയ്തിട്ടിരുന്ന കമ്പ്യൂട്ടറില്‍ നിന്ന് ഒരു കമെന്റ് രേഖപ്പെടുത്തിയതിന് ബൂലോഗം അദ്ദേഹത്തെ ചില്ലറയ്ക്കൊന്നുമല്ല വിരട്ടിയത്. WTO Cell സിമ്പോസിയത്തില്‍എന്റെ ക്ഷണം സ്വീകരിച്ച് അങ്കിള്‍ വരികയും ചിത്രങ്ങള്‍ പകര്‍ത്തിത്തരുകയും ചെയ്തു. അവിടെ സന്നിഹിതനായിരുന്ന ഡോ. തോമസ് വര്‍ഗീസ് ഇപ്പോഴും ചന്ദ്രകുമാര്‍ പ്രസ്തുദവേദിയില്‍ വന്നകാര്യം ഓര്‍ക്കുന്നുണ്ട്. 2008 ഒക്ടോബറില്‍ നടന്നതിരുവനന്തപുരം ബ്ലോഗേഴ്സ് മീറ്റ് ഹോട്ടല്‍ ഇന്ദ്രപുരിയില്‍ നടന്നു. 2009 ജൂലായില്‍ നടന്ന അനേകം പേര്‍ പങ്കെടുത്തചെറായി മീറ്റ് അവിസ്മരണീയമായ ഒന്നായിരുന്നു.

കെന്നിയുടെ ശ്രമഫലമായി തിരുവനന്തപുരം ബ്ലോഗര്‍മാരും ട്വീറ്ററന്‍മാരും മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഡോ. ശശിതരുമായി ഹോട്ടല്‍ ഗീതില്‍വെച്ച് നടത്തിയ സംവാദത്തില്‍ ശശി തരൂര്‍ പറഞ്ഞ വാഗ്ദാനങ്ങളുടെ ലിസ്റ്റുമായാണ് അങ്കിള്‍ വന്നത് . അത് അവിടെ അവതരിപ്പിക്കുകയും സ്വന്തം ക്യാമറയില്‍ അവിടെ നടന്ന ചര്‍ച്ച അതേപടി റിക്കോര്‍ഡ് ചെയ്ത് പ്രസിദ്ധീകരിക്കുവാനായി എന്നെ ഏള്‍പ്പിച്ചു. പ്രസ്തുത വേദിയില്‍ ഉത്ഘാടനം ചെയ്ത ഷൌട്ട്ഔട്ട് എന്ന സൈറ്റിന്റെ അണിയറയിലും അങ്കിള്‍ പ്രവര്‍ത്തിച്ചു. അമേരിക്കയിലെ അരിസോണയിലിരുന്ന് ഡോ. ബ്രിജേഷ് നായര്‍ പിക്കാസയില്‍ പ്രസ്തുത പരിപാടിയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. അവിടെവെച്ചാണ് ഞങ്ങള്‍ ബ്രിജേഷിന്റെ അച്ഛന്‍ ഡോ. അച്ചുതന്‍ നായരെ പരിചയപ്പെടുന്നത്. മന്ത്രിപദം രാജിവെച്ച് തിരുവനന്തപുരത്തെത്തിയപ്പോള്‍ സ്വീകരിക്കാന്‍ ഞങ്ങളുംപോയിരുന്നു. 2010 ജൂലൈ 11 ന് നടന്ന ലോകത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ കൂട്ടത്തിന്റെ കേരളമീറ്റ് വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ നടക്കുകയുണ്ടായി പ്രസ്തുത മീറ്റില്‍ അങ്കിള്‍, സി.എന്‍.ആര്‍ നായര്‍, വിപിന്‍, ഡോ. ജയന്‍ ദാമോദരന്‍ തുടങ്ങിയവര്‍ തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍നിന്നും പങ്കെടുത്തിരുന്നു.

പ്രമുഖ പത്രപ്രവര്‍ത്തകനായ ശ്രീ കെ. ഗോവിന്ദന്‍കുട്ടിയെ ഇന്റെര്‍നെറ്റില്‍ മലയാളം എഴുതുവാന്‍ സഹായിക്കാനായി അങ്കിള്‍ അദ്ദേഹത്തിന്റെ വിട്ടില്‍ ചെന്നിരുന്ന് പഠിപ്പിച്ചപ്പോള്‍ ചില സംശയ നിവാരണത്തിന് എന്നെ വിളിച്ചത് ഞാനിന്നും ഓര്‍ക്കുന്നു. കെ.ജി.കെയുടെ പുസ്തക പ്രകാശനം ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ ഡോ. ശശി തരൂര്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചതിന് ഞങ്ങളും സാക്ഷികളായി. ഓഡിറ്റ് വിഭാഗത്തെ വെട്ടിച്ച് പൊതുമരാമത്ത് വകുപ്പില്‍ നടന്ന ടെന്ററും റദ്ദാക്കലും അങ്കിള്‍വിവാരവകാശനിയമം മുഖേന നേടിയെടുത്തത് പ്രസിദ്ധീകരിക്കുവാന്‍ മുഖ്യ മാധ്യമങ്ങള്‍ക്ക് താല്പര്യമില്ലാതെ വന്നപ്പോള്‍ കെ.ജി.കെയുടെ സഹായത്താല്‍ തേജസ് ഓണ്‍ലൈന്‍ ആണ് വെളിച്ചം കാണിച്ചത്. വിവരാവകാശ കമ്മീഷനെ ശാസിക്കുവാനുള്ള ശുപാര്‍ശ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയില്‍ നടന്ന ധര്‍ണയിലും ഞങ്ങള്‍ ഒരുമിച്ചാണ് പങ്കെടുത്തത്. കേരളഫാര്‍മറുടെ ലേഖനങ്ങള്‍ മറ്റുള്ളവര്‍ക്ക് വായിച്ചാല്‍ മനസിലാകില്ല എന്നും അതിനാല്‍ മനസിലാകത്തക്കവണ്ണം തിരുത്തിയാലേ അതുകൊണ്ട് പ്രയോജനമുള്ളൂ എന്നും പലപ്രാവശ്യം എന്നെ അദ്ദേഹം ഉപദേശിച്ചിട്ടുണ്ട്. മനോരമ ദിനപത്രത്തിന്റെ സൈറ്റില്‍ പ്രതിദിന വിലകള്‍ ലഭ്യമാകുന്നതുവരെ അങ്കിളില്‍ നിന്നാണ് ഞാന്‍ ഫോണ്‍ ചെയ്ത് വില ശേഖരിച്ചിരുന്നത്.

എന്നോട് അങ്കിള്‍ പറഞ്ഞിരുന്നത് കുറച്ച് എഴുതുവാനും കൂടുതല്‍ വായിക്കുവാനും ആണ് അദ്ദേഹത്തിന് എന്നും താല്പര്യം എന്നാണ്. കുറച്ചുനാളുകള്‍ക്ക് മുമ്പ് യൂറിനറി ഇന്‍ഫെക്‌ഷന്‍ ബാധിച്ച് വേദനയറിയാതെ പ്രശ്നങ്ങള്‍ വഷളായപ്പോഴും, കാറ്ററാക്ടിന്റെ ഓപ്പറേഷനുവേണ്ടി നേത്രചികിത്സയ്ക്കായി സമീപിച്ചപ്പോള്‍ ഹൃദ്രോഗവിദഗ്ധന്റെ അനുമതി വേണമെന്ന് പറഞ്ഞപ്പോഴും കമ്പ്യൂട്ടറില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയാതെ പോയ വ്യാകുലത എന്നോട് അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. എന്തായാലും കാറ്ററാക്ടിന്റെ ഓഫ്ഫറേഷന് ശേഷം കാഴ്ച വീണ്ടെടുക്കുകയും നെറ്റില്‍ സജീവമാകാന്‍ കഴിഞ്ഞതില്‍ അദ്ദേഹം സന്തോഷവാനും ആയിരുന്നു. ചെറുമക്കള്‍ ഡല്‍ഹിയില്‍ നിന്ന് നാട്ടില്‍ വന്നാല്‍ തിരികെ പോകുന്നതുവരെ കമ്പ്യൂട്ടര്‍ അവര്‍ക്കായി മാറ്റിവെച്ച് ഒരു സ്നേഹനിധിയായ മുത്തച്ഛന്റെ കടമയും അദ്ദേഹം നിറവേറ്റിയിരുന്നു. ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത വിവരാവകാശത്തിലൂടെ ലഭിച്ച പലരേഖകളും അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ട് എന്നത് നമുക്ക് വായിക്കാന്‍ കഴിയാതെ പോയതായി മാറി.

2010 ഡിസംബര്‍ 12 ന് നടന്ന ഡോ. പ്രശാന്ത് ആര്‍ കൃഷ്ണയുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ അങ്കിള്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഒറ്റയ്ക്ക് പോകുവാനുള്ള ധൈര്യക്കുറവ് അദ്ദേഹം പ്രകടിപ്പിച്ചു. എന്റെ അസൌകര്യം കാരണം പോകാന്‍ കഴിഞ്ഞില്ല. താല്പര്യത്തിന് പ്രധാന കാരണം 1986 ല്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് അങ്കിള്‍ മലയാള അക്ഷരങ്ങള്‍ കമ്പ്യൂട്ടറിലെത്തിച്ച വാര്‍ത്ത മാതൃഭൂമി ദിനപത്രം വായിച്ച് കേള്‍പ്പിച്ചതായുള്ള കമെന്റ് ആയിരുന്നു. അങ്കിളിനെ നെറ്റിലൂടെ തിരിച്ചറിഞ്ഞ പ്രശാന്തിന് അങ്കിളിനോടുള്ള ആദരവ് പ്രകടമായിരുന്നു.  

http://vyakthiparichayam.blogspot.com/

എന്‍ഡോസല്‍ഫാന്റെ മത പാഠം.

Beemapally


എന്‍ഡോസല്‍ഫാന്‍ എന്ന മാരകവിഷം കൊണ്ടുണ്ടാകുന്ന കെടുതികളും അതില്‍ ജീവിതം ഹോമിക്കപ്പെട്ടവരും മനുഷ്യരൂപം തന്നെ നഷ്ടപ്പെട്ട്‌ സമൂഹത്തിലെ ചവറുനിലങ്ങളില്‍ തള്ളപ്പെട്ട നിരവധി മനുഷ്യരുടെ രോദനം അറിഞ്ഞിട്ടും ചെവിയോ കണ്ണോ കാണാതെ ബധിരരും അന്ധരുമായി പോയ, പളുപളത്ത വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒരു ദ്രവിച്ച ഹൃദയം പോലുമില്ലാത്ത മനുഷ്യരായി മാറിയിരിക്കുന്നു ഇന്നു നാം. 

മതത്തിന്റെ തനിമകൊണ്ടുദ്ദേശിക്കുന്നത്‌ സഹജീവികളെ തിരിച്ചറിയാനുള്ള ഉള്‍ക്കാഴ്ച്ചയും അതിലൂടെ ദൈവത്തിലേക്ക്‌ അടുക്കാനുള്ള മാര്‍ഗ്ഗവും എന്ന വ്യക്തതയുള്ള നിദര്‍ശനമെന്ന നിലക്കാണ്‌. മതങ്ങളുടെയോ അല്ലാതെയോ ദേശരാഷ്ടങ്ങളും പ്രാചീന പ്രജാരാഷ്ട്രങ്ങളും നിലവില്‍ വന്നതും ഈ ഒരു സങ്കല്‍പത്തിന്റെയോ യാഥാര്‍ത്യത്തിന്റെയോ അടിസ്ഥാനത്തിലാണ്‌. ഒരുപക്ഷേ രാഷ്ടങ്ങളും സര്‍ക്കാരുകളും പ്രസ്ഥാനങ്ങളും ഏറ്റവും ആവശ്യമായുള്ളതും അനാഥകള്‍ക്കും അശരണര്‍ക്കുമാണ്‌. പക്ഷെ ഇന്നു മിക്ക രാജ്യങ്ങളിലെയും എല്ലാ സൌഭാഗ്യങ്ങളും ശക്തന്‍മാരാലും രാഷ്ട്രീയ വേട്ടക്കാരാലും കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. ഇവിടെയാണ്‌ മതങ്ങളുടെയും മത സംഘടനകളുടെയും പ്രസക്തി.

പ്രത്വേകിച്ചു ഇസ്ലാമിനു ഇവിടെ സാമൂഹികമായി വഹിക്കാനുള്ളത്‌ ഒരു മഹത്തായ പങ്കാണ്‌. ഇസ്ലാമിനെ ഒരു മതത്തിന്റെ ലേബലില്‍ ചുരുക്കാനോ കെട്ടിയിടാനോ സാധിക്കില്ല. ഒരു പുരോഹിതനും അതിനു സാധ്യമല്ല തന്നെ. സാമൂഹിക ബോധങ്ങളെയൊക്കെ തിരസ്ക്കരിച്ച്‌ മതത്തിന്റെ ഐശ്ച്ചിക ചടങ്ങുകളെ എങ്ങനെ നന്മയാക്കാമെന്നും തിന്മയാക്കാമെന്നും പോര്‍വിളി സംവാദങ്ങളില്‍ ഏര്‍പ്പെട്ട്‌ നിള്‍ക്കുന്ന മത സംഘടനകള്‍ ഇനിയെങ്കിലും അതില്‍ നിന്നും പുറത്ത്‌ കടക്കേണ്ടിയിക്കുന്നു. കാലം അവരോടാവശ്യപ്പെടുന്നതും അതാണ്‌.

വയറിന്റെ വലിപ്പത്തിന്‌ വേണ്ടി മാത്രം രൂപമെടുത്ത ചില മുസ്ലിം സംഘടനകള്‍ ഇപ്പോഴേ സമൂഹത്തിനെ മുഖ്യധാരയില്‍ നിന്നും മാറ്റപ്പെട്ടതുപോലെ പുരോഗമന സ്വഭാവമുള്ള ഇസ്ലാമിക സംഘടനകള്‍ക്കും ആ അവസ്ഥയിലേക്ക് പോകാതിരിക്കണമെങ്കില്‍ അവര്‍ മനസ്സിലാക്കേണ്ടത്‌ ഈ മണ്ണില്‍ എന്‍ഡോസല്‍ഫാന്‍ പോലുള്ള വിഷയങ്ങളില്‍ അവര്‍ക്ക്‌ നിര്‍വ്വഹിക്കാനുള്ള പങ്ക്‌ ഇസ്ലാമികമായി വളരെ വ്യാപ്തിയുള്ളതാണ്‌ എന്ന അടിസ്താന ബോധമാണ്‌.

നാല്‌ കശുവണ്ടിക്കുവേണ്ടി മനുഷ്യനെ കുരുതിക്ക്‌ കൊടുക്കുന്ന രാസവള പ്രയോഗം പോലുള്ള സാമൂഹ്യവിപത്ത്‌ ഒരു ജനതയുടെ മാത്രം പ്രശ്നമല്ല. അത്‌ ഈ ഭൂമിയുടെ പ്രശ്നമാണ്‌ മാനവികതയുടെ പ്രശ്നമാണ്.

ഇന്ന് കേരളത്തില്‍ നിലവിലുള്ള മുസ്ലിം സംഘടനകളില്‍ ജമാ-അത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റിയെ പോലെ മറ്റു മുസ്ലിം യുവജന പ്രസ്ഥാനങ്ങളും മത സംഘടനകളും അവരുടെ ശക്തിയും, അധസ്തിതരുടെയും വേദനതിന്നുന്നവരുടെയും ഒപ്പം നിലയുറപ്പിച്ചാല്‍ ഇന്നത്തെ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ദാര്‍ഷ്ട്യങ്ങള്‍ക്ക്‌ അത്‌ മറുപടിയാവും. വോട്ടിനുവേണ്ടി ന്യൂനപക്ഷമെന്ന ചാവേര്‍ പടയെ ആവശ്യാനുസരണം സൃഷിക്കുകയും പിന്നെ കയ്യൊഴിയുകയും ചെയ്യുന്ന ഹിജഡാ പ്രത്യശാസ്ത്രങ്ങള്‍ക്ക്‌ വേറെ മാര്‍ഗ്ഗങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടിവരികയും ന്യൂനപക്ഷ ലോല വികാരങ്ങളെ കാപട്യങ്ങള്‍ക്ക്‌ വിലക്കെടുക്കാതിരിക്കാനുള്ള അവസ്തയെങ്കിലും സൃഷ്ടിക്കന്‍ സാധിക്കുമായിരിക്കും.

പല ഖുര്‍-ആന്‍ സൂക്തങ്ങളും വിളിച്ചു പറയുന്നത് ഭൂമിയെ കാലാപകലുശിതമാക്കുന്ന എല്ലാ പൈശാചികതക്കെതിരെയും മതത്തിനും വര്‍ഗ്ഗങ്ങള്‍ക്കതീതമായും മുസ്ലിങ്ങള്‍ ഒരുമിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും ഒരു ബാധ്യതയാണെന്നാണ്.

സുന്നികളില്‍ നിന്നും മുജാഹിദിനെയും മുജാഹിദില്‍ നിന്നും ജമാ-അത്തെ ഇസ്ലാമിക്കാരനെയും രക്ഷിച്ചെടുക്കാനല്ല ഇസ്ലാമിക നാഗരികമായ ദൌത്യം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്‌. ബൌധിക സംവാദങ്ങളും പകരം വെക്കല് കളുമാണ് പ്രവാചകന്‍ മുഹമ്മദിന്റെ അനുയായികളില്‍ നിന്നും ഇന്നീലോകം ആവശ്യപ്പെടുന്നത്.!

അന്ധവിശ്വാസ/അനാചാരങ്ങളില്‍ നിന്നും ബഹുദൈവാധിഷ്ടിതമായ ആരാധനാ മാര്‍ഗ്ഗങ്ങളില്‍ നിന്നും കേരളത്തിലെ നല്ലൊരു ശതമാനം മുസ്ലിങ്ങളെ പുരോഗമന പ്രസ്ഥാനങ്ങള്‍ ശക്തമായ ധാര്‍മ്മികമൂല്യങ്ങളുടെയും ഏകദൈവ പ്രോക്തമായ പാശത്തിലും ഉറപ്പിച്ച്‌ നിറുത്തിയ പങ്ക്‌ വിസ്മരിക്കുകയല്ല. പക്ഷേ അവര്‍ മറ്റ്‌ സാമൂഹ്യ പ്രതിനിധീകരണം കൂടുതല്‍ പ്രകടിപ്പിക്കേണ്ടതുണ്ട്‌.

പാവപ്പെട്ടവനോടൊപ്പമെന്നു കെട്ടിഘോഷിക്കപ്പെട്ട എല്ലാ പ്രത്യശാസ്ത്രങ്ങളും പൊള്ളയായിരുന്നെന്ന് കാലം തെളിയിച്ചു. പണത്തിനുവേണ്ടി സ്വയം അടിമയാക്കപ്പെട്ടുപോയ മൃതാവസ്തയിലുള്ള ആശങ്ങളായിമാറിയിരിക്കുന്നു ഭൌതികവാദവും കമ്മ്യൂണിസവും മറ്റുമെല്ലാം.

വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത്‌ എന്നും പ്രകടിപ്പിച്ച ഒരേ ഒരു ദര്‍ശനം ഇസ്ലാം മാത്രമായിരുന്നു എന്നുപറഞ്ഞാല്‍ ചരിത്രബോധമില്ലാതെ നെറ്റിചുളിക്കുന്നവര്‍ ഉണ്ടാകാം. മനുഷ്യനെ അടിമത്തത്തിലേക്ക്‌ നയിച്ച മതങ്ങളായിരുന്നു, ദര്‍ശനങ്ങളായിരുന്നു മറ്റു പലതും.

സാമ്രാജത്തത്തിന്റെ എല്ലാ ആയുധ പൈശാചികതയെയും ചെറുത്തുനില്‍ക്കുന്ന അഫ്ഘാനിലെയും ഇറാഖിലെയും ഫലസ്തീനിലെയും ഓരോ നിരക്ഷരനായ ഗോത്ര പോരാളിയെയും നയിക്കുന്നതുപോലും അടിമപ്പെടാതിരിക്കാനുള്ള ഇസ്ലാമികമായ ഉണര്‍വ്വുകളാണ്‌.

ആ ഇസ്ലാമും അനുയായികളായി ജന ലക്ഷങ്ങളും ഇവിടയുണ്ടെങ്കിലും മനുഷ്യരുടെ രോധനങ്ങള്‍ക്ക് അറുതിയില്ല. എന്‍ഡോസല്‍ഫാന്‍ പോലുള്ള മാരക വിഷങ്ങള്‍ മനുഷ്യനെ കൊന്നൊടുക്കുമ്പോള്‍ മരിച്ചുകിടക്കുന്നു പള്ളി മിമ്പറുകള്‍. മുഹമ്മദു നബിയുടെ അനുയായികളില്‍ നിന്ന് കാലം ആവശ്യപ്പെടുന്നത് ബാധിക്കപ്പെട്ടവനോടുള്ള ഐക്യപ്പെടലാണ് അതിനുള്ള പരിഹാരങ്ങളാണ്. വിശക്കുന്നവനു വേണ്ടത് ഭക്ഷണമാണ്.. കെട്ടിപ്പൊക്കിയ ഖബറുകള്‍ക്ക് മുന്നില്‍ നിന്നു വിതരണം ചെയ്യുന്ന നേര്ച്ച നൈവേധ്യങ്ങളല്ല.

ഇസ്ലാം മനുഷ്യന്റെ വേദനകള്‍ക്ക് പരിഹാരമാണ് അങ്ങിനെയായിരുന്നു എന്നും. ഈ മണ്ണില്‍ മനുഷ്യ വാസത്തിനു ഭീഷണിയുയര്‍ത്തുന്ന എല്ലാ വസ്തുക്കല്‍ക്കെതിരയും ആദ്യം ശബ്ധമുയരേണ്ടത് ഖുര്‍ആന്റെ അനുയായികളില്‍ നിന്നാണ്. നീതി നിഷേധിക്കപ്പെട്ട മനുഷ്യര്‍ക്കായി അവരുടെ കരം പിടിച്ചു അതിനു കാരണക്കാരായവരുടെ ഭവനങ്ങളിലേക്ക് കയറിച്ചെല്ലാന്‍ അന്നൊരു പ്രവാചകനുണ്ടായിരുന്നു. ഇന്നുമുയരുന്നുണ്ട് നിലവിളികള്‍ നമുക്ക് ചുറ്റും പലരൂപത്തിലും. പക്ഷെ അവര്‍ക്ക് തണലേകാന്‍ അവരുടെ കരം പിടിക്കാന്‍ നമുക്കാകുന്നില്ല.

എന്നിട്ടും നാം പറയും ഖുര്‍ആന്‍ നമുക്ക് വഴികാട്ടിയെന്നു. മുഹമ്മദു നബി നമ്മുടെ നേതാവെന്നു.!

ശബരിമല-മകരവിളക്കും മറ്റുള്ളവയും -യാഥാര്‍ത്ഥ്യങ്ങളെന്ത്?


സുനിൽ കൃഷ്ണൻ


ഈ ലേഖനം പ്രസിദ്ധികരിക്കുമ്പോളേക്കും ഈ വര്‍ഷത്തെ മകരവിളക്ക് മഹോത്സവം ശബരിമലയില്‍ അവസാനിച്ചിട്ടുണ്ടാവും.പതിവു പോലെ ഈ വര്‍ഷവും അഭൂതപൂരവമായ ജനത്തിരക്കാണു ശബരിമലയില്‍ ഉള്ളത്.പമ്പ മുതല്‍ സന്നിധാനം വരെയുള്ള അഞ്ചു കി.മീറ്ററോളം ദൂരം ക്യൂ ആണെന്നാണു വിവരം.അതില്‍ ഭൂരിപക്ഷവുമാകട്ടെ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തന്മാരാണ്. “അതീവ ദിവ്യ“മായ മകരവിളക്ക് വണങ്ങി സായൂജ്യമടയാനാണ് മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനു അവര്‍ തയ്യാറാകുന്നത്.

കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഭൂ‍രിപക്ഷത്തില്‍ നിന്നു നന്നേ വിഭിന്നമാണു ശബരിമല.കാനനമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ജാതി മത ഭേദമന്യേ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുള്ള ഒരു ക്ഷേത്രമാണ്.വര്‍ഷത്തില്‍ എല്ലാ ദിവസവും തുറക്കാത്ത ഈ ക്ഷേത്രം ആചാരങ്ങളിലും മറ്റ് രീതികളിലും എല്ലാം മറ്റെല്ലാ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു.

ഈശ്വരവിശ്വാസത്തേയോ ശബരിമലയേയോ ഞാന്‍ ചോദ്യം ചെയ്യുന്നില്ല.എന്നാല്‍ അതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ തട്ടിപ്പുകളും വ്യാജപ്രചാരണങ്ങളും നടക്കുന്ന ഒരു സ്ഥലം കൂടിയാണു ശബരിമല.
ഈ പോസ്റ്റ് എഴുതാന്‍ തുടങ്ങിയതിനു ശേഷം പാതി വഴിയില്‍ നിര്‍ത്തിയതായിരുന്നു.എന്നാല്‍ ഇന്നു വൈകിട്ട് ടി വി ചാനലുകളില്‍ മകരവിളക്കിന്റെ തത്സമയ സം‌പ്രേഷണം കേട്ടുകഴിഞ്ഞപ്പോള്‍ വീണ്ടും എഴുതാന്‍ തുടങ്ങി.

ക്രിക്കറ്റ് കമന്ററികളെ വെല്ലുന്ന വിവരണമായിരുന്നു മകരവിളക്കിനു ചാനലുകാര്‍ നല്‍കിയത്.ഈ ജന്മത്തില്‍ മോക്ഷം
കിട്ടണമെങ്കില്‍ ഒരിക്കലെങ്കിലും ഈ ദിവ്യമായ മകരജ്യോതിസ് കാണണമെന്നാണു കമന്റേറ്റര്‍‌മാര്‍ ചാനലുകളിലൂടെ ഉദ്‌ബോധിപ്പിച്ചത്.ലക്ഷക്കണക്കിനു ഭക്തന്മാരാണു ഈ ദിവ്യദര്‍ശനത്തിനായി എല്ലാവര്‍ഷവും തടിച്ചു കൂടുന്നത്.അവരില്‍ ഭൂരിപക്ഷവും അന്യ സംസ്ഥാനക്കാരാണ്.സത്യമായും പുണ്യം കിട്ടും എന്ന വിശ്വാസമാണു അവരില്‍ ഉള്ളത്.ഞാനാ വിശ്വാസത്തെ ചോദ്യം ചെയ്യുന്നില്ല.പകരം എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ചിന്തകള്‍ നേരത്തെ ചില അന്വേഷണങ്ങളിലേക്ക് നയിച്ചിരുന്നു.അങ്ങനെയാണു ഞാന്‍ ശ്രീ ജെ ഇടമറുക് രചിച്ച “ ശബരിമല - ചരിത്രത്തിന്റേയും നേരിന്റേയും ഉരകല്ലില്‍” എന്ന പുസ്തകം വായിക്കാനിടയായത്.

ആ പുസ്തകമാണു ഞാനിവിടെ പരിചയപ്പെടുത്തുന്നത്.

ശബരിമലയെ സംബന്ധിച്ച് വളരെ വര്‍ഷങ്ങളായി ആഴത്തില്‍ നടത്തിയ പഠനത്തിന്റെ അവസാനം ഇടമറുക് രചിച്ചതാണു ഈ ഗ്രന്ഥം.ഇടമറുക് യുക്തിവാദിയായ ഒരു മനുഷ്യനായിരുന്നു എന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.ശബരിമലയുടെ നേരറിയാന്‍ തന്റെ യുക്തി ചിന്തകളെ അടിസ്ഥാനമാക്കി വ്യക്തമായ തെളിവുകളോടെ അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന സത്യത്തിനു നേരെ ആര്‍ക്കും കണ്ണടക്കാനാവുമെന്ന് എനിക്ക് തോന്നുന്നില്ല.ഒട്ടനവധി പ്രചാരണങ്ങളും വിശ്വാസങ്ങളും അത്ഭുത കഥകളുമാണ് ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടില്‍ ഉള്ളത്.അവയെ നേരിന്റെ ഉരകല്ലില്‍ അരച്ച് നോക്കുകയാണു ഈ പുസ്തകത്തില്‍.

  • എരുമേലിയില്‍ അമ്പലപ്പുഴ സംഘം പേട്ടതുള്ളുന്ന സമയത്ത് മാനത്ത് പരുന്ത് പറക്കുന്നുണ്ടോ?
  • ആലങ്ങാട് സംഘത്തിന്റെ പേട്ട തുള്ളല്‍ സമയത്ത് പകല്‍ നക്ഷത്രം ഉദിയ്ക്കാറുണ്ടോ?
  • മകരവിളക്ക് സമയത്ത് പൊന്നമ്പല മേട്ടില്‍ കാണുന്ന ദിവ്യജ്യോതിസ് ആരാണു കത്തിയ്കുന്നത്?
  • ശബരിമലയിലെ പ്രതിഷ്ഠ യഥാര്‍ത്ഥത്തില്‍ എന്താണ്?
  • ആരാണു ഈ ക്ഷേത്രം നിര്‍മ്മിച്ചത്?
  • ശിവന്റേയും വിഷ്ണുവിന്റേയും പുത്രനാണു ശാസ്താവ് എന്ന ഐതിഹ്യം എങ്ങനെ ഉണ്ടായി?
  • ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ക്ക് ചരിത്രവുമായി എത്രമാത്രം ബന്ധമുണ്ട്?
ഇങ്ങനെ ശബരിമലയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ക്ക് ഇതില്‍ വ്യക്തമായ ഉത്തരം കണ്ടെത്താന്‍ ഇടമറുകും കൂട്ടരും നടത്തിയ അന്വേഷണങ്ങള്‍ക്ക് കഴിഞ്ഞിട്ടുള്ളതായി കാണാം.സ്വാഭാവികമായും ഇതിലൂടെ വിശ്വാസത്തെ തന്നെ ഇടമറുക് ചോദ്യം ചെയ്യുന്നുവെങ്കിലും,അതിലുപരി വിശ്വാസവുമായി ബന്ധപ്പെട്ട കള്ള പ്രചാരണങ്ങളെ ആണു അദ്ദേഹം തുറന്നു കാട്ടുന്നത് എന്ന് കാണാം.എന്റെ താല്‍‌പര്യവും അതില്‍ മാത്രമേ ഉള്ളൂ.

പേട്ടതുള്ളല്‍
പേട്ടതുള്ളലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വ്യക്തമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഇടമറുക് വെളിച്ചത്ത് കൊണ്ടു വരുന്നെങ്കിലും പരുന്ത് പറക്കലും പകല്‍ നക്ഷ്ത്രം ഉദിക്കലും എത്രമാത്രം സത്യമാണെന്ന് കണ്ടുപിടിക്കാന്‍ എരുമേലിയില്‍ നടത്തിയെ അന്വേഷണങ്ങളാണിതില്‍ പ്രധാനം.അതില്‍ കണ്ടെത്തിയ വസ്തുതകള്‍ ഡയറിക്കുറിപ്പുകളായി തന്നെ കൊടുത്തിരിക്കുന്നു.വനത്തിനോട് അടുത്ത് കിടക്കുന്ന എരുമേലിയിലും പരിസരപ്രദേശങ്ങളിലും പരുന്ത് ഒരു പതിവ് കാഴ്ചയാണെന്നുള്ളതാണു സത്യം.പേട്ടതുള്ളതിനു മുന്‍പുള്ള ഒരാഴ്ചയോളം കാലം ദിവസം മുഴുവനും എരുമേലിയും പരിസരവും സസൂക്ഷ്മം നിരീക്ഷിച്ചതിനു ശേഷമാണ് ഈ കാര്യം മനസ്സിലാക്കുന്നത്.ഡോ.കാനം ശങ്കരപ്പിള്ളയുടെ വെല്ലുവിളി സ്വീകരിച്ച് പേട്ടതുള്ളല്‍ നടക്കുന്ന ദിവസം എരുമേലിയില്‍ കാത്തിരുന്നിട്ടും പരുന്തിനെ കാണാതെ പോയ കാര്യം ഇതില്‍ വിവരിയ്കുന്നു.പകല്‍ നക്ഷത്രം ഉദിക്കും എന്നത് വിശ്വാസം മാത്രമെന്ന് വിശ്വാസികള്‍ തന്നെ പറയുന്നു.ഇതിന്റെ പിന്നിലെ സത്യവും ഇടമറുക് വെളിച്ചത്ത് കൊണ്ടുവന്നിട്ടുണ്ട്.

ഐതിഹ്യങ്ങള്‍, ചരിത്രങ്ങള്‍

പിന്നെയുള്ള ഭാഗങ്ങളില്‍ അയ്യപ്പനെക്കുറിച്ചുള്ള സത്യവും മിഥ്യയും വേര്‍തിരിക്കാനാണു ഇടമറുക് ശ്രമിയ്ക്കുന്നത്.ശബരിഗിരീശന്‍,ഹരിഹരസുതന്‍,ജലന്ധരനിഹന്താവ്,മോഹിനീസുതന്‍,
കയ്യപ്പന്‍,മഹിഷീമര്‍ദ്ദകന്‍,താരകബ്രഹ്മം,ശാസ്താവ്,ചാത്തന്‍,അയ്യന്‍,വേട്ടക്കൊരു മകന്‍,ഭൂതനാഥന്‍,മണികണ്ഠന്‍,പന്തളദാസന്‍,മലയാളി,പുലിവാഹനന്‍ തുടങ്ങി വിവിധ പേരുകളില്‍ ശബരിമലയിലെ അയ്യപ്പന്‍ അറിയപ്പെടുന്നതിനു പിന്നില്‍ ഓരോന്നിനും ഓരോ ഐതിഹ്യം ഉണ്ട്.ഈ ഐതിഹ്യങ്ങളെ ചരിത്രവുമായി വളരെ വിദഗ്ദ്ധമായി കെട്ടുപിണച്ചാണു ഓരോ കഥകളും സൃഷ്ട്രിയ്ക്കപ്പെട്ടിട്ടുള്ളത്.ഈ കഥകളോരോന്നിനേയും ഇഴകീറി പരിശോധിയ്ക്കുന്നുണ്ട് ഈ പുസ്തകത്തില്‍.അതെല്ലാം ഞാന്‍ ഇവിടെ എഴുതുന്നില്ല.

അയ്യപ്പന് പന്തളം രാജാവുമായി അടുത്ത ബന്ധമുണ്ടെന്നുള്ളത് ചരിത്ര വസ്തുതയായി എടുത്താല്‍ അയ്യപ്പന്റെ കാലം എന്നത് പന്തളരാജ്യം ഉണ്ടായതിനു ശേഷം ആണെന്നുള്ളത് ഉറപ്പാണ്.ചരിത്രപരമായി നോക്കിയാല്‍ മധുരയിലെ പാണ്ഡ്യരാജ്യത്തിലെ രണ്ട് ശാഖകളാണു പൂഞ്ഞാറിലും പന്തളത്തും എത്തി കുടിയേറിപ്പാര്‍ത്തത്.ഇതില്‍ ആദ്യമെത്തിയത് പൂഞ്ഞാര്‍ രാജവംശമാണ്.അത് എ.ഡി പതിമൂന്നാം നൂറ്റാണ്ടിലാണ്.അതിനോടടുത്ത കാലത്താണു പന്തളത്തും കുടിയേറ്റം നടന്നത്.അതായത് ചരിത്രപുരുഷനായ അയ്യപ്പന്‍ ആ കാലഘട്ടത്തിലാണു ജീവിച്ചിരുന്നതെന്ന് കാണാം.അങ്ങനെയെങ്കില്‍ മോഹിനീ സുതനായ അയ്യപ്പന്‍ എങ്ങനെ വന്നു എന്നതാണ് ഇടമറുക് ഉന്നയിയ്കുന്ന ചോദ്യം.

ശബരിമലയുടെ ചരിത്രം

ശബരിമല ക്ഷേത്രം എങ്ങനെ ഉണ്ടായി? എന്താണു അതിനു പിന്നിലെ ചരിത്രം എന്നീ കാര്യങ്ങളാണ് ഈ ഭാഗത്ത് അദ്ദേഹം അന്വേഷിയ്കുന്നത്.ബുദ്ധമതത്തിന്റെ തിരുശേഷിപ്പുകളാണു ശബരിമലയിലേത് എന്ന് അദ്ദേഹം കണ്ടെത്തുന്നു.എന്തായാലും ഇന്നത്തെ രീതിയിലുള്ള ക്ഷേത്രം വന്നത് പന്തളം രാജാക്കന്മാര്‍ വന്നതിനു ശേഷം ആകാനാണു സാധ്യത.അതാകട്ടെ പലവട്ടം അഗ്നിബാധയ്കിരയാവുകയും പുതുക്കിപ്പണിയുകയും ചെയ്യപ്പെട്ടതുമാണ്.എങ്കിലും 19 ആം നൂറ്റാണ്ടു വരെ ശബരിമലയ്ക് വലിയ പ്രാധാന്യം ഇല്ലായിരുന്നു എന്ന് കാണാം.1900 ല്‍ ഉണ്ടായ അഗ്നിബാധയെത്തുടര്‍ന്ന് ക്ഷേത്രം പുതുക്കിപ്പണിയാന്‍ രാജാവ് ആവശ്യപ്പെട്ടെങ്കിലും കൊടുംകാട്ടില്‍ ദുര്‍ഘടമായ വഴികളിലൂടെ സാധനസാമഗ്രികള്‍ എത്തിക്കാന്‍ ആരും തയ്യാറായില്ലെന്നും അവസാനം അത് കോണ്‍‌ട്രാക്ട് എടുത്തത് കൊച്ചുമ്മന്‍ മുതലാളിയും അവസാനം പണി തീര്‍ത്തത് സ്കറിയാ കത്തനാരും ആയിരുന്നുവെന്നും രേഖകളില്‍ കാണാം.ഇതിനെ കത്തനാര്‍ പണിയിച്ച ക്ഷേത്രം എന്ന് ഇടമറുക് പറയുന്നു.

മകരവിളക്ക്
ഏതാണ്ട് 1940 കള്‍ക്ക് ശേഷമാണു പൊന്നമ്പലമേട്ടില്‍ മകര സംക്രാന്തി ദിനം ദിവ്യജ്യോതിസ് പ്രത്യക്ഷപ്പെടുന്ന കഥകള്‍ പ്രചരിയ്കാന്‍ തുടങ്ങിയത്.ശബരിമലയ്കടുത്ത് മനുഷ്യ പാദസ്പര്‍ശമേല്‍ക്കാത്ത പൊന്നമ്പലമേട്ടിലാണു ഈ ജ്യോതി പ്രത്യക്ഷപ്പെടുന്നത് എന്നായിരുന്നു പ്രചാരണം.

“സ്ഥിരമായി മഞ്ഞു മൂടിക്കിടക്കുന്ന അന്റാര്‍ട്ടിക്കാ ഭൂഖണ്ഡത്തിലും ആര്‍ട്ടിക് പ്രദേശങ്ങളിലും സാഹസികരായ മനുഷ്യര്‍ ചെന്നെത്തി.ഹിമാലയത്തിനെ ഉന്നത ശൃംഗങ്ങള്‍ വരെ അവര്‍ കീഴടക്കി.എന്നിട്ടും നമ്മുടെ സഹ്യപര്‍വതത്തില്‍ മനുഷ്യ സ്പര്‍ശമേല്‍ക്കാത്ത ഒരു സ്ഥലമുണ്ടെന്ന് പറഞ്ഞാല്‍ ആരാണത് വിശ്വസിയ്കുക?” ഇടമറുക് ചോദിയ്കുന്നു.

എന്നാല്‍ ഈ പറയുന്നത്ര വിഷമം പിടിച്ച ഒന്നല്ല പൊന്നമ്പലമെട് യാത്ര എന്ന് ഇടമറുക് സ്വന്തം അനുഭവത്തില്‍ നിന്ന് സാക്ഷ്യപ്പെടുത്തുന്നു.മകര വിളക്കിന്റെ സത്യാവസ്ഥയെക്കുറിച്ച് ആദ്യമായി ഇടമറുകിനു വിശദീകരിക്കുന്നത് ഇലക്ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ എം ആര്‍ എസ് നാഥനാണ്.പൊന്നമ്പലമേട്ടിലെ വാസക്കാരായ മലമ്പണ്ടാരങ്ങള്‍ എന്ന ഗിരി വര്‍ഗക്കാരാണു അത് കത്തിക്കുന്നതെന്നായിരുന്നു അന്ന് വരെ യുക്തിവാദികളുടെ ധാരണ.എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ ഒത്താശയോടെ ഇപ്പോള്‍ അവിടെ കൃത്യ ദിവസം സന്ധ്യക്ക് വലിയ പാത്രങ്ങളില്‍ കര്‍പ്പൂരം കത്തിച്ച് ജ്യോതിസ് സൃഷ്ട്രിയ്കുകയാണെന്ന് എം ആര്‍ എസ് നാഥന്‍ പറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ താന്‍ ഞെട്ടിപ്പോയതായി ഇടമറുക് പറയുന്നു.ഇത് നടക്കുന്നത് 1973 ലാണ്.അതിനുശേഷം പലപ്പോളും പലരും ഒറ്റയ്കും മറ്റും ഇതിന്റെ രഹസ്യം അറിയാന്‍ ശ്രമിച്ചിട്ടുണ്ട്.എം ആര്‍ എസ് നാഥന്‍ തന്നെ 1973 ല്‍ ഇതിന്റെ രഹസ്യം കണ്ടെത്തിയത് ഇടമറുകും മറ്റും പ്രസിദ്ധികരിച്ചെങ്കിലും ആരും അതിനു പ്രാധാന്യം നല്‍കിയില്ല,പോലീസിന്റെ സാന്നിധ്യത്തില്‍ ഈ പരിപാടി നടത്തുമ്പോള്‍ മറ്റുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കാതിരുന്നത് അവിടെ ചെന്നെത്താന്‍ പ്രധാന തടസ്സമായി.പിന്നീട് 1983 ലാണു യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിതമായ ഒരു ശ്രമം ഉണ്ടായത്.അതിനെ പറ്റി ഇടമറുക് വിശദമായി പറയുന്നുണ്ട്.1983 ജനുവരി 13 ,14 തീയതികളില്‍ നടത്തിയ സാഹസിക യാത്രയും അതില്‍ പങ്കെടുത്തവരെ അതി ക്രൂരമായി പോലീസ് തല്ലിച്ചതച്ചതും ക്യാമറകള്‍ പിടിച്ചു വാങ്ങിയതുമൊക്കെ വിവരിയ്കുന്നുണ്ട്.എങ്കിലും എല്ലാ മര്‍ദ്ദനങ്ങളേയും നേരിട്ട് അവര്‍ സത്യം കണ്ടെത്തുക തന്നെ ചെയ്തു. അക്കാലത്ത് എടുത്ത ചിത്രങ്ങളില്‍ ചിലത് ലഭിക്കുകയും അവയെല്ലാം ഈ പുസ്തകത്തില്‍ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.അതില്‍ കര്‍പ്പൂരം കത്തിയ്കുന്നത് വ്യക്തമായി കാണാവുന്നതുമാണ്.

യുക്തിവാദികളുടെ ഈ രീതിയിലുള്ള നീക്കങ്ങള്‍ മകരവിളക്കിനെ സംബന്ധിച്ച് ഉണ്ടായിരുന്ന പല തെറ്റിദ്ധാരണകളും നീക്കാന്‍ സഹായിച്ചിട്ടുണ്ട്.പിന്നിട് 1989 ല്‍ യുക്തിവാദസംഘം സംഘടിപ്പിച്ച “സത്യപ്രചാരണ ജാഥ”യോടനുബന്ധിച്ച് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന നായനാരുമായുള്ള അഭിമുഖം ഇടമറുക് ഡല്‍ഹിയില്‍ നടത്തിയത് പൂര്‍ണ്ണമായി ഈ പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്.
അതില്‍ മകരജ്യോതിസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ “അത് ഭട്ടതിരിപ്പാടി( അന്നത്തെ ബോര്‍ഡ് പ്രസിഡണ്ട്)ന്റെ പണിയാണ്” എന്ന് സ:നായനാര്‍ പ്രസ്താവിച്ചത് ഇതില്‍ എടുത്ത് പറയേണ്ടതാണ്.

1999ലാണു മകരവിളക്കിനോടനുബന്ധിച്ച പമ്പയില്‍ തിക്കിലും തിരക്കിലും പെട്ട അയ്യപ്പന്മാര്‍ മരണമടഞ്ഞത്.അതിനെ തുടര്‍ന്ന് മകരജ്യോതി എന്ന തട്ടിപ്പിനെ പറ്റി മുന്‍ ഡി ജിപി എന്‍. കൃഷ്ണന്‍‌നായരും “ആലിബാബയും നാല്പത്തൊന്നു കള്ളന്മാരും” എന്ന പേരില്‍ സുഗതകുമാരിയും യഥാക്രമം മലയാള മനോരമയിലും മാതൃഭൂമിയിലും എഴുതിയ ലേഖനങ്ങള്‍ അതേ പടി ഈ പുസ്തകത്തില്‍ കൊടുത്തിരിയ്കുന്നു.മദ്യരാജാവിന്റെ പണം കൊണ്ട് ശ്രീകോവില്‍ സ്വര്‍ണ്ണം പൂശിയതിനേയും അതില്‍ സുഗതകുമാരി വിമര്‍ശിയ്കുന്നുണ്ട്.

ഇങ്ങനെ ശബരിമലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒട്ടനവധി കള്ളങ്ങളെ ആണു ഈ പുസ്തകം തുറന്നു കാട്ടുന്നത്.അതൊക്കെ വെറും ‘കൊട്ടത്താപ്പ്” കണക്കില്‍ അല്ല അവതരിപ്പിച്ചിരിക്കുന്നത്.ശബരിമലയും പൊന്നമ്പലമേടുമടക്കം അതുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളും പല പ്രാവശ്യം സന്ദര്‍ശിയ്കുകയും ശബരിമല വിഷയത്തില്‍ വന്നിട്ടുള്ള ഏതാണ്ട് എല്ലാ കൃതികളും ലേഖനങ്ങളും ചരിത്രവും പുരാണവും ഒക്കെ ആഴത്തില്‍ പഠിയ്കുകയും ചെയ്തിട്ടാണു ഇടമറുക് ഈ പുസ്തകം എഴുതിയിരിയ്കുന്നത്.അവയെല്ലാം അതാത് സന്ദര്‍ഭങ്ങളില്‍ ഇതില്‍ എടുത്ത് ഉപയോഗി(quote)ച്ചിട്ടുമുണ്ട്.

ഇത് എഴുതിക്കൊണ്ടിരിയ്കുമ്പോള്‍ ഈ വര്‍ഷത്തെ മകരവിളക്കിനു ശേഷം മടങ്ങിയ അയ്യപ്പന്മാരും തിക്കിലും തിരക്കിലും പെടുകയും ഒട്ടനവധി പേര്‍ മരണമടയുകയും ചെയ്തതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിയ്കുന്നു.യുക്തിവാദികളുടേയും മറ്റും പ്രവര്‍ത്തനഫലമായി മകരജ്യോതി ഒരു തട്ടിപ്പാണെന്നും അത് കത്തിയ്കുന്നതാണെന്നും മിക്കവര്‍ക്കും അറിയാം.എന്നാല്‍ കേരളത്തിനു വെളിയില്‍ ഇത് ദിവ്യജ്യോതിസ് ആണെന്നാണു ഇപ്പോളും ആള്‍ക്കാര്‍ കരുതുന്നത്.എന്നോടു തന്നെ പലരും ഇത് ചോദിച്ചിട്ടുണ്ട്.അവരാണു കൂട്ടം കൂട്ടമായും ഭക്തിലഹരിയില്‍ മുഴുകി ഇവിടെ എത്തുന്നത്.അനിയന്ത്രിതമായ തിരക്കുകളില്‍ പെട്ട് ജീവന്‍ കളയേണ്ടിയും വരുന്നു.ആരിതിനു സമാധാനം പറയും?ദൈവവിശ്വാസത്തിന്റെ പേരിലുള്ള ഈ കള്ളക്കളികള്‍ അവസാനിപ്പിച്ചുകൂടെ?

കുറെ വര്‍ഷങ്ങള്‍ക്കുമുന്‍പ് കൈരളി ടി വി പൊന്നമ്പലമേട്ടില്‍ പോവുകയും ഒരു റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തിരുന്നു.അത് ഇവിടെ കാണാം



പൊന്നമ്പലമേട്ടില്‍ ശബരിമലയ്ക് അഭിമുഖമായി നില്‍ക്കുന്ന പാറയിലാണു ഇത് കത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അതിനായി അവിടെ ഒരു തറ തന്നെ രൂപം കൊടുത്തിട്ടുണ്ട്.

ഇതിന്റെ വ്യക്തമായ ഒരു ചിത്രം ഇവിടെ കാണാം.( വിനോദിനു നന്ദി).ശബരിമലയുടെ വിദൂര വീക്ഷണവും അതില്‍ കാണാം.

കാര്യങ്ങള്‍ ഇത്രയൊക്കെ വ്യക്തമായിട്ടും ഇപ്പോളും ഇത് ദിവ്യമെന്ന് കരുതി ആള്‍ക്കാര്‍ ആരാധിക്കുന്നു.ജീവന്‍ ബലികഴിയ്കുന്നു.

ഇത്തരം ദുരന്തങ്ങളെങ്കിലും നമ്മുടെ കണ്ണുതുറപ്പിയ്കുമോ?

സത്യം അറിയാന്‍ താല്‍‌പര്യമുള്ളവര്‍ക്ക് ഈ പുസ്തകം വായിക്കാം.എന്നിട്ട് വസ്തുതാപരമായ വിമര്‍ശനം നടത്തട്ടെ.മകരവിളക്കിന്റെ തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞവര്‍ക്ക് എന്റെ ആദരാഞ്ജലികള്‍.അവര്‍ക്കായി ഈ പോസ്റ്റ് സമര്‍പ്പിയ്കുന്നു.


ശബരിമല-ചരിത്രത്തിന്റെയും നേരിന്റേയും ഉരകല്ലില്‍
രചന: ഇടമറുക്
പ്രസിദ്ധീകരണം: ഇന്‍‌ഡ്യന്‍ എത്തീസ്റ്റ് പബ്ലീഷേര്‍സ്,ന്യൂ ഡല്‍ഹി


(ശബരിമലയുടെ ചിത്രങ്ങള്‍ക്ക് ഗൂഗിളിനോട് കടപ്പാട്)
 

Site Info

Followers

kannadi Copyright © 2011 Mookasakshy